പശ്ചാത്തലം

പ്രധാനമന്ത്രിയുടെ പ്രസ്താവന
ദേശീയ വിവര്‍ത്തന മിഷന്‍ എന്ന ആശയം ആദ്യമായി പ്രധാനമന്ത്രിയാണ് അവതരിപ്പിച്ചത്. വിവിധ മേഖലകളിലുള്ള വിജ്ഞാനപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിനായി വിവര്‍ത്തനങ്ങളുടെ ലഭ്യത എത്രമാത്രം പ്രധാനമാണെന്ന് ദേശീയ വിജ്ഞാന കമ്മീഷന്‍റെ (NKC) ആദ്യ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തില്‍ ജനങ്ങളുടെ പങ്കാളിത്തം വിപുലീകരിക്കുക, ഉറപ്പുവരുത്തുക എന്നിവയെ കുറിച്ചുള്ള ചര്‍ച്ചയായിരുന്നു സന്ദര്‍ഭം. ദേശീയ വിജ്ഞാന കമ്മീഷന്‍റെ അദ്ധ്യക്ഷനായ ശ്രീ. സാം പിട്രോഡ പ്രധാനമന്ത്രിയുടെ ഈ നിര്‍‍ദ്ദേശം ഉള്‍ക്കൊള്ളുകയും, ഇന്ത്യയിലെ വിദ്യാഭ്യാസത്തിനായി വിവര്‍ത്തനത്തിനുവേണ്ടിയുള്ള ഒരു പ്രത്യേക സ്ഥാപനമോ, മിഷനോ ഉടനടി സ്ഥാപിക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.

പശ്ചാത്തലം
വിവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് എന്നത് ഒരു വസ്തുതയാണെങ്കിലും ഈ സുപ്രധാന മേഖലയില്‍ സര്‍ക്കാരിന്‍റെ ഫലവത്തായ ഇടപെടല്‍ ആവശ്യമായി വരുന്നത് ഇന്ത്യയിലെ വിവര്‍ത്തന പ്രക്രിയയിലെ ചില കുറവുകള്‍ നികത്താനാണ്. വിജ്ഞാനമേഖലകള്‍, ഭാഷകള്‍, നിലവാരം, വിതരണം തുടങ്ങിയവയിലുള്ള ഈ കുറവുകള്‍ പ്രകടമായുള്ളവയാണ്. സാഹിത്യം, സാമാന്യശാസ്ത്രം, പ്രയോഗശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, നിയമം, വൈദ്യശാസ്ത്രം, മാനേജ്മെന്‍റ്, സാങ്കേതികവിദ്യ തുടങ്ങിയ വൈവിധ്യവും ഉയര്‍ന്നുവരുന്നതുമായ വിഷയങ്ങളില്‍ വിവര്‍ത്തനത്തിനായുള്ള ഇനിയും അംഗീകരിച്ചിട്ടില്ലാത്ത ആവശ്യകത നിലവിലുണ്ട്.

കൂടാതെ, വിവര്‍ത്തനത്തിലൂടെ ലഭ്യമായ നിലവിലുള്ള വിവരം അപര്യാപ്തവുമാണ്. വിവര്‍ത്തനങ്ങളുടെ ഉപയോക്താക്കള്‍ വളരെ വ്യത്യസ്തരായതുകൊണ്ടും വിപണിയുടെ വ്യാപ്തി കാര്യമായി മനസ്സിലാക്കാത്തതുകൊണ്ടും വിവര്‍ത്തന വിതരണം പലപ്പോഴും തൃപ്തികരമല്ലാത്തതാണ്. നിലവാരമുള്ള വിവര്‍ത്തനങ്ങളുടെ ശരിയായ രീതിയിലുള്ള പ്രചരണത്തിലൂടെ മാത്രമേ സ്വകാര്യമേഖലയിലുള്ള വിവര്‍ത്തന പ്രക്രിയയ്ക്ക് ശരിയായ രീതിയിലുള്ള പ്രേരണ നല്‍കാന്‍ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് വിവര്‍ത്തന പ്രക്രിയയില്‍ മിഷന്‍ രീതിയിലുള്ള സര്‍ക്കാര്‍തലത്തിലുള്ള ഇടപെടല്‍ ആവശ്യമായി വരുന്നത്. വിവിധ വിജ്ഞാനവിഷയങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള വിവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നതിന് സ്വകാര്യ സംരഭകരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വിവിധ നടപടികളിലൂടെയാകണം സര്‍ക്കാര്‍തലത്തിലുള്ള ഇടപെടല്‍. വിവര്‍ത്തനവൃത്തി, നേരിട്ടും അല്ലാതെയുമുള്ള ജോലി സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാല്‍, തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ക്ക് ഒരു ജീവനോപാധി ആകുന്നതിനോടൊപ്പം അവര്‍ക്ക് ജനങ്ങളെ സേവിക്കാനുള്ള അവസരവും ലഭിക്കുന്നു.

ഈ അവബോധമാണ് ദേശീയ വിജ്ഞാന കമ്മീഷനെ, പ്രൊഫസര്‍ ജയന്തി ഘോഷിന്‍റെ നേതൃത്വത്തില്‍ ഒരു ദൌത്യസംഘത്തെ നിയമിക്കാനും, വിവര്‍ത്തന പ്രക്രിയയിലും അവയുടെ പ്രസിദ്ധീകരണം, പ്രചാരണം തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍‍പ്പെട്ടിട്ടുള്ള വിവിധ പ്രവര്‍ത്തന സംഘങ്ങളുടെയും, വ്യക്തികളുടെയും ഒരു കൂട്ടായ്മക്കായി പ്രവര്‍ത്തിക്കുവാനും പ്രചോദനമേകിയത്. സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, അക്കാദമികര്‍, ഭാഷാശാസ്ത്രജ്ഞര്‍, വിവര്‍ത്തകര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, പ്രസാധകര്‍ കൂടാതെ ഇന്ത്യയിലെ വിവര്‍ത്തന പ്രക്രിയയുമായി ബന്ധപ്പെട്ടവര്‍ തുടങ്ങിയവരുള്‍പ്പെടുന്നതാണ് ദൌത്യസംഘം. ഫെബ്രുവരി 2006-ല്‍ ഈ സംഘം ദില്ലിയില്‍ യോഗം ചേര്‍ന്നപ്പോള്‍, ഈ മേഖലയുടെ ബൃഹത്തായ രൂപം പ്രൊഫസര്‍ ഉദയനാരായണ്‍ സിംഗ് അവതരിപ്പിച്ചു. 2006 മാര്‍ച്ച് ആറാം തീയതി ദേശീയ വിവര്‍ത്തന മിഷന്‍ (NTM) കമ്മിറ്റിയുടെ മെമ്പര്‍ കണ്‍വീനറായ പ്രൊ.ജയതി ഘോഷ് ദേശീയ വിജ്ഞാന കമ്മീഷന്‍റെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, വേണ്ട ഭേദഗതികളോടെ പ്രമേയം പ്ലാനിംഗ് കമ്മീഷന്‍റെ ഉപാധ്യക്ഷന് അയച്ചു. അതിനുശേഷം സംഘങ്ങള്‍ പല പ്രാവശ്യം യോഗം ചേരുകയും 2007 ഏപ്രില്‍ 12-13 തീയതികളില്‍ മൈസൂരിലെ കേന്ദ്രീയ ഇന്ത്യന്‍ ഭാഷാ സ്ഥാപനത്തില്‍ വച്ച് ദ്വിദിന ശില്പശാല നടത്തുകയും ചെയ്തു. 2006 ഏപ്രില്‍ 19ആം തീയതി പ്ലാനിംഗ് കമ്മീഷന്‍ കത്തിലൂടെ (നമ്പ. P11060/4/2005-Edn) പുതുക്കിയ പ്രമേയത്തെക്കുറിച്ച് പരിഹാരം നിര്‍ദ്ദേശിക്കേണ്ടതായ അഞ്ചു ചോദ്യങ്ങള്‍ ഉന്നയിച്ചു. 2006, സെപ്റ്റംബര്‍ 1ആം തീയതി ദേശീയ വിജ്ഞാന കമ്മീഷന്‍ അധ്യക്ഷന്‍ ശ്രീ സാം പിട്രോഡ, ദേശീയ പരിഭാഷാ മിഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രധാനമന്ത്രിക്ക് എഴുതുകയും ഇതിനുശേഷം മാനവശേഷി വികസന മന്ത്രാലയം വിശദമായ പ്രസ്താവനയ്ക്ക് രൂപം നല്‍കുകയും ചെയ്തു. ഇതേ സമയം സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡവലിപ്പിംഗ് സൊസൈറ്റി (CDDS), ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പല സാമൂഹ്യശാസ്ത്രവിദഗ്ദ്ധരുടെയും വിശദമായ അഭിപ്രായങ്ങളും ലഭിച്ചു. ഇവ ചില സുപ്രധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുകയും പരിഹാരമായി എന്‍ടിഎമ്മിന്‍റെ രൂപീകരണത്തെയും സാധ്യതയെയും കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു, അവയില്‍ ചിലത് പദ്ധതിയുടെ വിശദമായ ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2006 ജൂണ്‍ 21നും, ജൂലൈ 3നും വിവര്‍ത്തനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രസീദ്ധീകരണശാലകളില്‍ നിന്നുള്ള നിര്‍‍ദ്ദേശങ്ങളും ലഭിച്ചു. തുടര്‍ന്ന് 2006 ആഗസ്റ്റ് 31ആം തീയതി മാനവവികസനശേഷി മന്ത്രാലയത്തിന്‍റെ ഭാഷകള്‍ക്കും പുസ്തക പ്രചാരത്തിനും വേണ്ടിയുള്ള പ്രവര്‍ത്തക ഘടകവും ഈ ആശയത്തെ അംഗീകരിക്കുകയും പതിനൊന്നാം പഞ്ചവത്സരപദ്ധയില്‍ ഇതിനെ ഉള്‍ക്കൊളളിക്കാന്‍ പ്ലാനിംഗ് കമ്മീഷനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. 2006, സെപ്റ്റംബര്‍ 1ആം തീയതി ദേശീയ വിജ്ഞാന കമ്മീഷന്‍ അധ്യക്ഷന്‍ ശ്രീ സാം പിട്രോഡ, ദേശീയ വിവര്‍ത്തന മിഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രധാനമന്ത്രിക്ക് എഴുതുകയും ഇതിനുശേഷം മാനവശേഷി വികസന മന്ത്രാലയം വിശദമായ പ്രസ്താവനയ്ക്ക് രൂപം നല്‍കുകയും ചെയ്തു.