പരിപാടികള്‍

വിവര്‍ത്തനത്തെക്കുറിച്ചുള്ള അക്കാദമിക സംവാദങ്ങള്‍ പരിപോഷിക്കാനും, ഭാരതീയ ഭാഷകളില്‍ ഇപ്പോള്‍ ലഭ്യമായ വിജ്ഞാന പാഠങ്ങളെ വിലയിരുത്താനും, നവാഗതര്‍ക്ക് വിവര്‍ത്തന പരിശീലനം നല്‍കാനും, വിവര വിതരണത്തിനും വേണ്ടി ദേശീയ വിവര്‍ത്തന മിഷന്‍ ശില്പശാലകള്‍, സെമിനാറുകള്‍, ഓറിയന്‍റേഷന്‍ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കാറുണ്ട്.
 

ശില്പശാലകള്‍

22 ഭാഷകളിലും പാഠ ആധാരിത പദാവലി നിര്‍മാണത്തിനായും, എഡിറ്റോറിയല്‍ സപ്പോര്‍ട്ട് ഗ്രൂപ്പുകളുടെ പ്രവര്‍ത്തന നിര്‍വ്വഹണത്തിനായും എന്‍ടിഎം ശില്പശാലകള്‍ സംഘടിപ്പിക്കാറുണ്ട്. ഓരോ പുസ്തകത്തിന്‍റെയും വിവര്‍ത്തനം പൂര്‍ണമാകുമ്പോഴും എഡിറ്റോറിയല്‍ സപ്പോര്‍ട്ട് ഗ്രൂപ്പിലെ വിദഗ്ദ്ധരോ അല്ലെങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്നവരോ കൈയെഴുത്തു പ്രതികള്‍ പുനഃപരിശോധിക്കുന്നതിനും വിവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുമായി ശില്പശാലകളില്‍ ഒത്തുചേരാറുണ്ട്.
 

സെമിനാറുകള്‍

വിവര്‍ത്തനവുമായി ബന്ധപ്പെട്ട അക്കാദമിക വിഷയങ്ങളുടെ കൈമാറ്റം പരിപോഷിപ്പിക്കുന്നതിനായി ദേശീയ പരിഭാഷാമിഷന്‍ സെമിനാറുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതില്‍ അവതരിപ്പിക്കുന്ന ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രബന്ധങ്ങള്‍ പുനഃപരിശോധനയ്ക്കുശേഷം സൂക്ഷിച്ചു വയ്ക്കുന്നു. ഇവയെ എന്‍ടിഎമ്മിന്‍റെ ദ്വൈവാര്‍ഷിക ജേര്‍ണലായ ട്രാന്‍സിലേഷന്‍ ടുഡേയിലൂടെ പ്രസിദ്ധീകരിക്കുന്നു. ഇത്തരം സെമിനാറുകളിലൂടെ വിവര്‍ത്തനത്തെക്കുറിച്ചുള്ള അക്കാദമിക സംവാദങ്ങളുടെ ഒരു ശേഖരം ഉണ്ടാക്കാന്‍ എന്‍ടിഎമ്മിന് കഴിയുന്നു. ഈ ശേഖരം വിവര്‍ത്തന പഠനങ്ങളിലോ ബന്ധപ്പെട്ട വിഷയങ്ങളിലോ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഗവേഷകര്‍ തുടങ്ങിയവര്‍ക്ക് സഹായകമായേക്കും.
 

ഓറിയന്‍റേഷന്‍ പരിപാടികള്‍

വിവര്‍ത്തനം, വിവര്‍ത്തന നിയമങ്ങള്‍, വിജ്ഞാന പാഠങ്ങളുടെ വിവര്‍ത്തന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചും, വിവിധ വിവര്‍ത്തന ഉപാധികളെക്കുറിച്ചും ഉള്ള അറിവു നല്‍കുന്നതുവഴി കഴിവുറ്റ വിവര്‍ത്തകരെ സൃഷ്ടിക്കുകയാണ് ദേശീയ വിവര്‍ത്തന മിഷന്‍ ഓറിയന്‍റേഷന്‍ പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത്. വിവിധ കോളേജുകളിലെയും സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥികളെയും ഗവേഷകരെയുമാണ് മുഖ്യമായും ഇതില്‍ പങ്കെടുപ്പിക്കുന്നത്. വ്യത്യസ്ത ഭാഷാ മാധ്യമ പശ്ചാത്തലത്തിലുള്ളവരായിരിക്കും ഇവര്‍. കോളേജ്, സ്ക്കൂള്‍ അധ്യാപകര്‍, സ്വതന്ത്ര വിവര്‍ത്തകര്‍ കൂടാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഈ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. വിവര്‍ത്തകരുടെ ദേശീയ രജിസ്റ്ററില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെയും പങ്കാളികളാക്കാറുണ്ട്.

വിവര്‍ത്തന പഠനങ്ങളോ അതിനനുബന്ധമായ വിഷയങ്ങളോ കൈകാര്യം ചെയ്യുന്നവര്‍ അഥവാ ഭാരതീയ ഭാഷകളില്‍ വിജ്ഞാന പാഠങ്ങള്‍ നിരന്തരം പ്രസിദ്ധീകരിക്കുന്ന ഭാഷാ ലേഖകര്‍ എന്നിവരെ പ്രത്യേക ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ക്ഷണിക്കുന്നു. ഇവരെ കൂടാതെ ഇന്ത്യന്‍ ഭാഷകളില്‍ സാങ്കേതിക പദാവലി നിര്‍മാണത്തിലോ, വിജ്ഞാന പാഠ വിവര്‍ത്തനത്തിലോ ഏര്‍പ്പെട്ടിരിക്കുന്നവരെയും വിദഗ്ദ്ധരായി ക്ഷണിക്കാറുണ്ട്.
 

മറ്റു പരിപാടികള്‍

പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിനായി എന്‍ടിഎം രാജ്യത്തുടനീളം നടക്കുന്ന പുസ്തകചന്തകളില്‍ പങ്കെടുക്കാറുണ്ട്. വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ എന്‍ടിഎമ്മും ലേഖക സമ്മേളനങ്ങള്‍, വിവര്‍ത്തക യോഗം എന്നിവ ഉള്‍പ്പെടെയുള്ള പ്രചാര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും.